ChatGPT Image Apr 25 2026 04 25 11 AM

V. S. Achuthanandan: The Legacy of A Comrade

വി എസ് :ഒരു ദശകത്തിൻ്റെ ധീരസ്വരം..

ഈ കഴിഞ്ഞ  കർക്കിടകത്തിൽ ആലപ്പുഴയിലെ ആ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്, മണ്ണിനും പെണ്ണിനും നീതിക്കും വേണ്ട ഒരു നൂറ്റാണ്ട് ജ്വലിച്ചു നിന്ന മലയാളത്തിന്റെ വിപ്ലവ സൂര്യനായിരുന്നു. 

മലയാളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ കാതലും കാവലുമായിരുന്ന, ജീവിതം തന്നെ സമരമാക്കിയ കമ്മ്യൂണിസ്റ്റ്, സഖാവ് വേലിക്കകത്തു ശങ്കരൻ അച്യുതാന്ദൻ പ്രിയപ്പെട്ട സഖാവ് വി. എസ്.. 

ഏതൊരു കർമ്മയോഗിയും കാലശേഷം വിലയിരുത്തപ്പെടേണ്ടതാണെങ്കിൽ, ആരായിരുന്നു വി.എസ്. എന്ന ചോദ്യത്തിന് ഓരോ മലയാളിക്കും എന്തുത്തരം കിട്ടും? ആ സഖാവിനെ എങ്ങനെ ഓർക്കണം?

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നട്ടെല്ലായി. പാർശ്വവത്കരിക്കപെട്ട സമൂഹത്തിൻ്റെ ശബ്ദമായി, 

നീതിക്കും സത്യത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവനായി, 

പരിസ്ഥിതിക്ക് വേണ്ടി, തൊഴികളികൾക്ക് വേണ്ടി ബഹുരാഷ്ട്ര കമ്പനികൾക്കെതിരെ വരെ നിർഭയം പോരാടിയ, 

ഒന്നുമില്ലായ്‌മയിൽ നിന്ന് സഹജീവികൾക്ക് വേണ്ടി ഏറ്റ് വാങ്ങിയ അധികാരവർഗ്ഗത്തിൻ്റെ ക്രൂരമർദ്ദനങ്ങളിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദവിക്ക് ഒരു പുതിയ നിർവചനം കൊടുത്ത കരുത്തനായ സഖാവ്.

ആ  ബാല്യം: ദുരിതത്തിൻ്റെ കനൽവഴികൾ

1923-ൽ ആലപ്പുഴയിലെ പുന്നപ്രയിൽ ഒരു കുടിലിൽ ജനിച്ച വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. 

ബാല്യം മുതൽക്കേ പോരാടിയ ദാരിദ്ര്യവും നിസ്സഹായതയും ജീവിതം സമ്മാനിച്ച അനീതികളും അദ്ദേഹത്തിന്റെ ഇടവേളകളില്ലാത്ത ജീവിത സമരത്തിന് തുടക്കമായിരുന്നു. 

വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ നന്നേ ചെറുപ്പത്തിൽ തന്നെ തൊഴിലാളിയായി, തൊഴിലാളി വർഗ്ഗത്തോടുള്ള സ്വേച്ഛാധിപത്യ ഭരണത്തിന്റെ അനീതി അദ്ദേഹം സ്വയം അനുഭവിച്ചറിഞ്ഞു. 

ഈ അനുഭവങ്ങൾ, പിന്നീട് കേരളത്തിൻ്റെ രാഷ്ട്രീയ ഭൂപടത്തിൽ അദ്ദേഹത്തെ അടിസ്ഥാന വർഗ്ഗത്തിന് ധൈര്യവും രക്തവും കൊടുത്ത, അടിസ്ഥാന അവകാശങ്ങൾ നേടിക്കൊടുത്ത നേതാവാക്കി, സഖാവാക്കി

കമ്മ്യൂണിസ്റ്റ് വഴിയിലേക്ക്

1940-കളിൽ, ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ തുടക്കകാലത്ത്, സാമ്പത്തിക ബുദ്ധിമുട്ട് ഭക്ഷ്യക്ഷാമം, കരിഞ്ചന്ത, പണപ്പെരുപ്പം, തൊഴിലില്ലായ്‌മ, പട്ടിണി എന്നിവ ജനങ്ങളെ വലച്ച കാലഘട്ടത്തിൽ വി.എസ്. പ്രസ്ഥാനവുമായി കൈ കോർത്തു.. 

ഭരണകൂടത്തിൻ്റെ പിന്തുണയോടെ ഭൂവുടമകളുടെ ക്രൂരത കൂടി വന്ന സാഹചര്യത്തിൽ തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിരോധം നടത്തുകയും പിന്നീട് പുന്നപ്ര-വയലാർ സമരത്തിന്റെ (1946) തീവ്രതയിൽ, തൊഴിലാളികൾക്കൊപ്പം ചേർന്ന് നിന്ന് ഭരണകൂടത്തിന്റെ കൊടും ക്രൂര പീഡനങ്ങൾക്ക് ഇരയാക്കപെട്ടിട്ടും വീണ്ടും മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടി നിലകൊണ്ട് അദ്ദേഹം ഒരു ഉത്തമ സമരനായകനായി. 

1964-ൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) പിളർന്നപ്പോൾ, വി.എസ്. സി.പി.എമ്മിനൊപ്പം നിന്നു.

 1996ലെ മാരാരിക്കുളം തെരഞ്ഞെടുപ്പിൽ പരാജിതനായെങ്കിലും അദ്ദേഹം തളർന്നില്ല; പകരം, പാർട്ടിക്കുള്ളിൽ ഒരു വിമതനായി, എന്നാൽ ശക്തനായ നേതാവായി അദ്ദേഹം പ്രസ്ഥാനത്തെ പുനർനിർമ്മിച്ചു.

പാർട്ടിയും വിമതനും: ഒരു ലക്ഷണരേഖ

വി.എസിന്റെ ജീവിതം ഒരു വൈരുദ്ധ്യത്തിൻ്റെ കഥയാണ്. ഒരു വശത്ത്, അയാൾ പാർട്ടിയുടെ സ്റ്റാലിനിസ്റ്റ് പാരമ്പര്യത്തിൽ വളർന്നു പകിടകളിയിലെ കരുക്കളെ പോലെ എതിരാളികളെ ദൃഢനിശ്ചയത്താലും അചഞ്ചലതയാലും വെട്ടിവീഴ്ത്തി.

1992-2001 കാലഘട്ടത്തിൽ പാർട്ടി സെക്രട്ടറിയായി, അയാൾ സി.പി.എമ്മിനെ ശക്തമായ ഒരു രാഷ്ട്രീയ ശക്തിയാക്കി. എന്നാൽ, മറുവശത്ത്, പാർട്ടിയുടെ മതിൽകെട്ടുകൾ പൊളിച്ചടുക്കി, ഉൾപ്പാർട്ടി കലാപം അല്ലെങ്കിൽ വിപ്ലവം സൃഷ്ട്ടിച്ച വിപ്ലവകാരിയും ആയിരുന്നു അയാൾ.

എന്നിട്ടും, അയാളുടെ കലാപം ഒരിക്കലും പാർട്ടിയെ തകർക്കാൻഅനുവദിച്ചില്ല. സ്വയം വരച്ച ഒരു ലക്ഷ്‌മണരേഖയിൽ, അയാൾ മണ്ണിൻ്റെയും മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും നീതിക്കു വേണ്ടി മാറ്റൊലി മുഴങ്ങി.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

2006-2011 കാലഘട്ടത്തിൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വി.എസ്. അധികാരത്തിലെത്തി. അടിസ്ഥാനവർഗ്ഗത്തിൽ നിന്ന് ഉയർന്നുവന്ന ആദ്യ മുഖ്യമന്ത്രിയായി, അയാൾ കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി. അഴിമതിക്കെതിരായ പോരാട്ടവും, പരിസ്ഥിതി സംരക്ഷണവും, സ്ത്രീകളുടെ അവകാശങ്ങളും അയാളുടെ ഭരണത്തിന്റെ മുദ്രയായി.

മാവേലിക്കരയിലെ ലോട്ടറി മാഫിയയെ തുറന്നുകാട്ടിയതും, മൂന്നാർ ദൗത്യത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് നേതൃത്വം നൽകിയതും, ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ചതും മലയാളി മനസ്സിൽ അയാളെ ഒരു ജനനേതാവാക്കി.

പ്രതിപക്ഷ നേതാവായിരുന്ന കാലത്തും, വി.എസ്. ജനങ്ങളുടെ ശബ്ദമായി ഏത് ജനാധിപത്യ വ്യവസ്ഥയും ആഗ്രഹിക്കുന്ന ഒരു പ്രതിപക്ഷ നേതാവിൻ്റെ മാതൃകയായിരുന്നു അയാൾ. 70 വയസ്സിനു ശേഷവും, സി.പി.എമ്മിൻ്റെ വിരമിക്കൽ ചിട്ടകളെ തകർത്ത്, അയാൾ രാഷ്ട്രീയമായും മാനുഷികമായും നവീകരിക്കപ്പെട്ടു.

ആഗോള കമ്മ്യൂണിസത്തിൻ്റെ പതനവും വി.എസിന്റെ പോരാട്ടവും

1989-ൽ ആഗോള കമ്മ്യൂണിസം തകർന്നുവീണപ്പോൾ, ചൈന മുതലാളിത്ത പാതയിലേക്ക് തിരിഞ്ഞു. ഇന്ത്യയിൽ ഗ്ലോബലൈസേഷൻ കൊടിയേറ്റം നടത്തി.

കേരളത്തിലെ സി.പി.എമ്മിന്റെ ഔദ്യോഗിക പക്ഷം ‘വികസനം’ എന്ന ന്യായത്തിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ മറന്നപ്പോൾ, വി.എസ്. മലയാളിയുടെ കമ്മ്യൂണിസ്റ്റ് ബോധത്തെ തൃപ്തിപ്പെടുത്തി. അഴിമതി, സ്ത്രീപ്രശ്‌നങ്ങൾ, പരിസ്ഥിതി, ജൈവകൃഷി, ഫ്രീ സോഫ്റ്റ് വെയർ -ഇവയെല്ലാം അയാൾ ഏറ്റെടുത്തു.

1990-കളിൽ, ലോക കമ്മ്യൂണിസം ഒരു നൊസ്റ്റാൾജിയയായി മാറിയപ്പോൾ, വി.എസ്. കേരളത്തിൽ ആ ആശയത്തിന്റെ തീപ്പൊരി നിലനിർത്തി. പാർട്ടിയുടെ മുതലാളിത്ത ചായ്‌വിനെതിരെ, അയാൾ യഥാർത്ഥ കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു

ടെലിവിഷൻ താരവും ജനനേതാവും

കേരളത്തിൽ ടെലിവിഷൻ വിപ്ലവം ആരംഭിച്ചപ്പോൾ, വി.എസ്. ഒരു മാധ്യമ താരമായി. അയാളുടെ ലാളിത്യവും, നേർവാക്കുകളും, അഴിമതിക്കെതിരായ നിലപാടുകളും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടി. മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവിനും ലഭിക്കാത്ത ഒരു പരിവേഷം സ്വന്തമായി.

വി.എസിനെ എങ്ങനെ ഓർക്കണം?

വി.എസ്. അച്യുതാനന്ദനെ ഒരു സഖാവായി ഓർക്കുമ്പോൾ, ഓരോ മലയാളിയും അവന്റെ ജീവിതത്തിന്റെ ചുവന്ന നൂറ്റാണ്ടിനെ ആഘോഷിക്കണം.

പാർശ്വവത്കരിക്കപെട്ട സമൂഹത്തിൻ്റെ ശബ്‌ദമായി. യാതനകളുടെ കുടിലിൽ നിന്ന് മുഖ്യമന്ത്രി ഭവനത്തിലേക്ക് ഉയർന്ന അദ്ദേഹം ഒരിക്കലും തൻ്റെ വേര് മറന്നില്ല.

നീതിയുടെ പോരാളിയായി: അഴിമതിക്കെതിരെ, സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി, തഴയപ്പെട്ടവർക്കായി പരിസ്ഥിതിക്കായി അയാൾ നടത്തിയ പോരാട്ടങ്ങൾ.

വിമതനും നേതാവും: പാർട്ടിക്കുള്ളിൽ വിപ്ലവം സൃഷ്ട്ടിച്ചെങ്കിലും, ഒരിക്കലും അതിനെ തകർക്കാതെ, ഒരു ലക്ഷ്‌മണരേഖയിൽ നിന്നയാൾ.

വാർദ്ധക്യ വിപ്ലവകാരി: എഴുപതു കടന്നപ്പോഴും, രാഷ്ട്രീയമായും മാനുഷികമായും നവീകരിക്കപ്പെട്ട ഒരേയൊരു ഇന്ത്യൻ നേതാവ്.

ഒരു നൂറ്റാണ്ടിൻ്റെ വിപ്ലവ തിളക്കം

വി.എസ്. അച്ചുതാനന്ദൻ കേരളത്തിൻ്റെ രാഷ്ട്രീയചരിത്രത്തിലെ ഒരു അധ്യായമല്ല, അതിന്റെ ജീവനുള്ള മനസ്സാക്ഷിയായിരുന്നു. പുന്നപ്രയുടെ ചൂടാർന്ന മണൽപ്പുറങ്ങളിൽ നിന്ന് അധികാരത്തിൻ്റെ അരമനകളിലേക്ക് നടന്നുവന്നിട്ടും, ഒരു തൊഴിലാളിയുടെ നേരുറപ്പ്,

ഒരു വിമതന്റെ ഉറച്ച നിലപാട്, ഒരു സഖാവിൻ്റെ സഹാനുഭൂതിയുള്ള ഹൃദയം ഇവയൊന്നും വിട്ടൊഴിയാതെ ജീവിച്ചു. അധികാരം ഇരിക്കുന്ന കസേരയല്ല, നേരിടാൻ തെരഞ്ഞെടുത്ത പോരാട്ടങ്ങളും വിട്ടുകൊടുക്കാൻ വിസമ്മതിച്ച സത്യങ്ങളുമാണ് നേത്യത്വം എന്ന് ജീവിതം കൊണ്ട് തെളിയിച്ചയാൾ. ഇന്നു അദ്ദേഹം ഇല്ലെങ്കിലും, നീതിക്കും സമത്വത്തിനും സത്യത്തിനും അദ്ദേഹം കൊളുത്തിയ ചുവന്ന വിളക്ക്, തലകുനിയാൻ തയ്യാറാകാത്ത തലമുറകളുടെ വഴിയെ പ്രകാശിപ്പിച്ചുകൊണ്ടേയിരിക്കും.

Scroll to Top